Kerala
ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്നും മാറിയാൽ മാത്രമെ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളുവെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രി ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യ മേഖല സമ്പൂർണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കടുത്ത യാതനകൾ സഹിച്ച് ജീവിക്കേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷക്കാലമായി കഠിനമായ വേദന അനുഭവിച്ചിട്ടും സ്കാനിങ്ങിൽ പോലും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പിയുടെ സജീവ ഇടപെടലിനെ തുടർന്നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉഷയ്ക്ക് വേണ്ട ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കോഴിക്കോട് ഹർഷിനയുടെ കേസിൽ സർക്കാർ കാണിച്ച വഞ്ചന ഉഷയുടെ കാര്യത്തിൽ ആവർത്തിക്കാൻ പാടില്ല. ഹർഷിനയ്ക്ക് 50 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചിലവായപ്പോൾ സർക്കാർ നൽകിയത് വെറും രണ്ട് ലക്ഷം രൂപയാണ്.
നീതിക്കായി മന്ത്രിയുടെ വീട്ടുപടിക്കൽ സമരം ചെയ്യേണ്ടി വന്ന ആ കുടുംബത്തിന്റെ അവസ്ഥ ഈ പാവപ്പെട്ട കുടുംബത്തിന് ഉണ്ടാകരുത്. ഉഷയുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ വഹിക്കുകയും അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകുകയും വേണം.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ, പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ ഭയാനകമാണ്. ഡോക്ടർമാരും സ്റ്റാഫുകളും മരുന്നും ഇല്ലാതെ രോഗികൾ വലയുമ്പോഴും മന്ത്രി അനങ്ങുന്നില്ലെന്നും പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന ഡോക്ടർമാരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: രണ്ടു മനുഷ്യർ സ്നേഹത്താൽ പരസ്പരം ഒന്നുചേരുന്പോൾ അതിനു മതത്തിന്റെയും വർഗീയതയുടെയും മുഖവും നിറവും നൽകി അവയെ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണങ്ങളിൽ കുടുക്കിയിടാനും അതുവഴി വെറുപ്പ് ഉത്പാദിപ്പിക്കാനും ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന ശ്രമങ്ങളെ കേരളം തള്ളിക്കളയുമെന്നും കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല വ്യക്തമാക്കി.
‘ദി കേരളാ സ്റ്റോറി ’ എന്ന സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളം സംഘപരിവാറിനും അവരുടെ വിധ്വംസക ശക്തികൾക്കും ഇപ്പോഴും ഒരു ബാലികേറാമലയാണ്. നമ്മുടെ മതേതര ബോധത്തെയും കൂട്ടായ്മകളെയും അവർ അവഹേളിക്കും.
എന്നാൽ അവർ പരാജയപ്പെടും. ഈ വികൃതസൃഷ്ടികളൊന്നും മലയാളിയുടെ സാമൂഹ്യ, സാംസ്കാരിക ബോധത്തെ ഒന്നു സ്പർശിക്കുക പോലും ചെയ്യില്ലന്നു നമുക്കുറപ്പിച്ചു പറയാൻ കഴിയുമെന്ന് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്കായി പലിശയ്ക്കെടുത്ത പണം സർക്കാർ വകമാറ്റി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ടുകളിലൂടെ 9.5 ശതമാനം പലിശയ്ക്കെടുത്ത പണം ഇത്തരത്തിൽ കിഫ്ബി ദുരുപയോഗം ചെയ്യുന്നു.
കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള പര്യസ്യ കാമ്പയിൻ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കിഫ്ബിയുടെ ഫണ്ട് അനധികൃതമായി ചെലവഴിക്കാൻ അനുമതി നൽകിയവർക്കെതിരേ യുഡിഎഫ് അധികാരത്തിലെത്തിയാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കിഫ്ബി നിയമ പ്രകാരം സംസ്ഥാനത്തെ പശ്ചാത്തല സൗകര്യ മേഖല വികസനം ഉൾപ്പെടെ നാല് ആവശ്യങ്ങൾക്കു മാത്രമാണ് കിഫ്ബി ഫണ്ട് വിനിയോഗിക്കുവാൻ കഴിയുക. എന്നാൽ 2018 മുതൽ 2021 വരെയുള്ള കാലയളവിൽ ഏതാണ്ട് 102 കോടിയാണ് കിഫ്ബി ഫണ്ടിൽനിന്നു പരസ്യത്തിനായും സർക്കാർ പ്രചാരണത്തിനായും ചെലവാക്കിയത്.
ഇതിൽ തെരഞ്ഞെടുപ്പ് വർഷമായ 2020-21 സാമ്പത്തിക വർഷം മാത്രം സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിച്ചത് ഏതാണ്ട് 75 കോടി രൂപയാണ്. ഇതിൽത്തന്നെ 30 കോടിയോളം രൂപ സ്പോണ്‍സേർഡ് കണ്ടന്റുകൾ വരുത്തുന്നതിനായാണ് ഉപയോഗിച്ചത്. കേരളീയം എന്ന മാമാങ്കത്തിനു മാത്രമായി 50 കോടി രൂപയും ഇക്കാലത്ത് കിഫ്ബി ഫണ്ടിൽ നിന്നു ചെലവഴിച്ചു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദ്യത്തെ മൂന്നു സാമ്പത്തിക വർഷം മാത്രം 49 കോടി രൂപയാണ് സർക്കാർ പ്രചാരണ പരിപാടികൾക്കായി ചെലവഴിച്ചത്. 2024ലെ ആദ്യത്തെ ആറുമാസം മാത്രം അഞ്ചു കോടിയും ചെലവഴിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള സമയത്തെയും 2025-26 സാമ്പത്തിക വർഷത്തെയും കണക്കുകൾ ലഭ്യമായിട്ടില്ല. പക്ഷേ അനൗദ്യഗിക വിവരമനുസരിച്ച് 150 കോടിയിലേറെ രൂപ ഈ കാലഘട്ടത്തിലെ സർക്കാർ പ്രചാരണവുമായി ബന്ധപ്പെട്ട് വകയിരുത്തിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
വികസനപ്രവർത്തനങ്ങൾക്കായി വൻപലിശയ്ക്കു കടമെടുത്ത പൈസ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് കിഫ്ബി നിർത്തിയില്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് വൻ തട്ടിപ്പെന്ന് രമേശ് ചെന്നിത്തല. അയ്യപ്പ സംഗമത്തിന്റെ കണക്കിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി.എൻ. വാസവനെതിരേ അവകാശലംഘന നോട്ടീസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയ്യപ്പസംഗമം സർക്കാർ പിടിച്ച പുലിവാലാണ്. സർക്കാർ ചെലവിൽ നടത്തില്ല എന്ന് കോടതിയിൽ പറഞ്ഞതാണ്. ദേവസ്വം ബോർഡിന് പണം കൊടുത്തു എന്നാണ് പറഞ്ഞത്. എന്നാൽ മുഴുവൻ തുകയും ഇല്ല.
നിയമസഭയിലെ ചോദ്യത്തിന് സർക്കാർ മറുപടി തന്നു. എന്നാല്‍ സത്യമായ മറുപടി തന്നില്ല. എന്തുകൊണ്ടാണ് നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകൾ വന്നത്. ഇക്കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
നിലവിൽ വരുന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ അയ്യപ്പ സംഗമത്തിന്റെ കണക്കില്‍ വലിയ കുഴപ്പമാണ്. സംഗമത്തിന്റെ മറവിൽ വൻ തട്ടിപ്പ് നടത്തി. കട്ടിലും കിടക്കയും ആര് അടിച്ചോണ്ട് പോയി. നടത്താത്ത ഭജനയുടെ പേരിൽ പോലും ബില്ല് ഉണ്ടാക്കി. അയ്യപ്പ സംഗമം സംബന്ധിച്ച് സാധാരണ പൗരന് അറിയേണ്ട കാര്യങ്ങൾ എല്ലാം അറിയണമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണ വിഷയം പരിഹരിക്കുമെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
യോഗ്യതയുള്ള മുഴുവന്‍ ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കും നിയമനം നല്‍കുകയും നേരത്തെ നിയമിതരായ 22,000-ല്‍ അധികം വരുന്ന അധ്യാപകര്‍ക്ക് സ്ഥിരനിയമന അംഗീകാരം നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്കി.
ഭിന്നശേഷി സംവരണം ഭിന്നശേഷി ആക്ട്, റൂള്‍, ഭരണ ഘടന അനുശാസിക്കുന്നതുപോലെ നടപ്പിലാക്കുന്നതിനു പകരം സര്‍ക്കാര്‍ ബോധപൂര്‍വം പ്രതിസന്ധി ഉണ്ടാക്കാനാണ് ശ്രമിച്ചത്. ഇതുമൂലം യോഗ്യതയുള്ള ആയിരക്കണക്കിന് ഭിന്നശേഷി ഉദ്യോഗാര്‍ഥികളും 22,000-ല്‍ അധികം അധ്യാപകരുമാണ് പ്രയാസപ്പെടുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
District News
വെള്ളരിക്കുണ്ട്: വന്യമൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ജീവിക്കണമെന്ന മുദ്രാവാക്യവുമായി 176 ദിവസമായി നടക്കുന്ന കർഷക സ്വരാജ് സത്യഗ്രഹത്തിന് പിന്തുണയുമായി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സജീവ് ജോസഫ് എംഎൽഎയും സമരപ്പന്തലിൽ എത്തി.
വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുകയും കർഷകരുടെ ജീവനും സ്വത്തിനും പ്രഥമ പരിഗണന നൽകുകയും ചെയ്യണമെന്ന് ഇരുവരും പറഞ്ഞു. 100 മണിക്കൂർ നിരാഹാരമനുഷ്ഠിക്കുന്ന ഷിനോജ് ഇളംതുരുത്തിയെ നേതാക്കൾ ഷാൾ അണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. ലത, ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം, ബേബി ചെമ്പരത്തി, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ജിജി കുന്നപ്പള്ളി, ജിമ്മി ഇടപ്പാടി, ബാബു കോഹിനൂർ എന്നിവർ പങ്കെടുത്തു.
Kerala
ആലപ്പുഴ: നിയമവാഴ്ചയെ ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയിലാണ് ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അടൂര്‍ പ്രകാശ് ഹാജരായത്.
പ്രതിക്കൊപ്പം നിന്നുഫോട്ടൊയെടുത്തുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെങ്കില്‍ അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിയായ ഉണ്ണിക്കൃഷ്ണന് പോറ്റിയുമായി അടൂര്‍ പ്രകാശിന് ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍, മുഖ്യമന്ത്രിയും ഇതേ വ്യക്തിയുമായി നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത് സൗകര്യപൂര്‍വ്വം മറക്കുകയാണ്.ഇത് യുഡിഎഫിനെ മോശക്കാരാക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ നീക്കം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജയിലില്‍ കിടക്കുന്ന നാല് സിപിഎം നേതാക്കന്മാര്ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന് വേണ്ടിയുള്ള ഒത്തുകളിയാണ് ഇപ്പോള്‍ നടക്കുന്നത്.
ഇത്രയും ദിവസമായിട്ടും ഇവര്‍ക്കെതിരേ ഭാഗികമായ കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ പോലീസ് തയാറായിട്ടില്ല. പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടതും കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് നല്‍കേണ്ടതും മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പുകളാണ്. ഇത് വൈകിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം ഉറപ്പാക്കുന്ന തന്ത്രമാണ് സര്‍ക്കാര്‍ പയറ്റുന്നത്. ഈ വീഴ്ചകള്‍ മറച്ചുവയ്ക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ് യുഡിഎഫ് നേതാക്കള്‍ക്കെതിരേ അന്വേഷണ നാടകം നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അഡ്മിനിസ്ട്രേറ്റീവ് അധികമാരമില്ലാത്ത തന്ത്രി ജയിലിലും അധികാരത്തിലിരുന്ന മന്ത്രിമാര്‍ പുറത്തും എന്ന അവസ്ഥയാണ് നിലവിലുള്ളത്. സിപിഎമ്മിന്റെ പല നേതാക്കളും ജയിലില്‍ പോകാന്‍ ക്യൂ നില്‍ക്കുകയാണ്. ഇവര്‍ പിടിയിലായാല്‍ കൂടുതല്‍ വെട്ടിപ്പിന്റെ കഥകള്‍ പുറത്തുവരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. ജയിലിലായ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ പോലും നടപടി സ്വീകരിക്കാന്‍ തയാറാകാത്ത, നട്ടെല്ലില്ലാത്ത സമീപനമാണ് മുഖ്യമന്ത്രിയുടേത്.
കോടതിയുടെ നിയന്ത്രണത്തിലുള്ള എസ്ഐടി അന്വേഷണം മരവിപ്പിക്കാനും കേസ് തേച്ചുമാച്ചു കളയാനും മുഖ്യമന്ത്രി പച്ചക്കൊടി കാണിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന് അധകാരത്തില്‍ തുടരാന്‍ ഒരവകാശവുമില്ല. കെ.സി. വേണുഗോപാല്‍ മന്ത്രിയായിരുന്ന കാലത്താണ് നിയമനം നടന്നതെന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണ്.
അനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയ ഈ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ യുഡിഎഫ് ശക്തമായ പ്രക്ഷോഭം തുടരും.
Kerala
ആലപ്പുഴ: ശബരിമല സ്വർണം കട്ടവരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
സ്വർണക്കൊള്ളയിലെ പ്രതികൾ എല്ലാം മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരാണ്. എസ്ഐടിയുടെ അനാസ്ഥ കാരണമാണു പ്രതികൾക്ക് ജാമ്യം ലഭിച്ചത്. ഇടക്കാല കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ ജാമ്യം ലഭിക്കില്ലായിരുന്നു.
തന്ത്രി അകത്തും മന്ത്രിമാർ പുറത്തും എന്നതാണു സ്ഥിതി. മന്ത്രി വാസവൻ രാജിവയ്ക്കണം. സ്വർണക്കൊള്ളയ്ക്കെതിരെ യുഡിഎഫ് പോരാട്ടം ശക്തിപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസ് പരിപൂർണമായും അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും കേസിലെ ഓരോ പ്രതികളും ജാമ്യം നേടി പുറത്തുവന്നുക്കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.
കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഭാഗികമായി കുറ്റപത്രം സമർപ്പിക്കാമെന്നിരിക്കേ അതും ഉണ്ടായിട്ടില്ല. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണു പ്രതികൾ ജാമ്യം നേടി പുറത്തുവരുന്നത്. കുറ്റപത്രം സമർപ്പിക്കുന്നത് വളരെ ആസൂത്രിതമായി വൈകിക്കുകയാണ്.
പ്രോസിക്യൂഷന്റെ അനുമതിയും സ്വർണവുമായി ബന്ധപ്പെട്ട രാസപരിശോധനാ ഫലവും ലഭിക്കാത്തതുക്കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നാണ് എസ്ഐടി പറയുന്നത്. എന്നാൽ, ഇതിന് രണ്ടിനും അനുമതി നൽകേണ്ടത് മുഖ്യമന്തിയാണെന്നും ചെന്നിത്തല പറഞ്ഞു. ഭാഗികമായ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിൽ പ്രതികൾക്കു ജാമ്യം ലഭിക്കില്ലായിരുന്നു. നാലുമാസം കഴിഞ്ഞിട്ടും കവർച്ച ചെയ്ത സ്വർണം എവിടെയെന്നു കണ്ടുപിടിക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നതും ഗൗരവമായ വിഷയമാണ്.
പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെക്കൊണ്ട് ജനങ്ങൾ മറുപടി പറയിക്കും. സംസ്ഥാനത്താകെ സിപിഎമ്മിന് മുന്നൂറിലേറെ രക്തസാക്ഷികളുണ്ട്. അവരുടെ കുടുംബത്തെ രക്ഷിക്കുന്നതിനായി ഇതുവരെ മുന്നൂറ് കോടിയോളം രൂപ പിരിച്ചിട്ടുണ്ടാകും.
പയ്യന്നൂരിലെ രക്തസാക്ഷിക്കായി പാർട്ടിക്കാരിൽനിന്നു മാത്രമല്ല ഫണ്ട് പിരിച്ചത്. ജനങ്ങളിൽനിന്നുകൂടിയാണ്. അതുകൊണ്ട് ഫണ്ട് ശേഖരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണ്ടതുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
കണ്ണൂരിൽ കെ. സുധാകരൻ മത്സരിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, സുധാകരൻ എവിടെ മത്സരിച്ചാലും ജയിക്കുമെന്നായിരുന്നു മറുപടി. ആരൊക്കെ മത്സരിക്കണമെന്ന കാര്യം ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എല്ലാ അന്വേഷണവും മരവിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. എല്ലാ പ്രതികളും പുറത്തുവരുന്ന സാഹചര്യത്തിൽ എസ്ഐടിയുടെ ആത്മാർഥത ചോദ്യം ചെയ്യേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
"സ്വർണ്ണക്കൊള്ള കേസിലെ തൊണ്ടി മുതൽ ഇതുവരെ കണ്ടെത്തിയില്ല. കുറ്റപത്രം ഇതുവരെ സമർപ്പിച്ചിട്ടില്ല. വൻ പ്രതികളെ രക്ഷപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദത്തിന് എസ്ഐടി വഴങ്ങുകയാണ്.'-ചെന്നിത്തല കുറ്റപ്പെടുത്തി.
കടകംപള്ളിക്കെതിരെ എന്തുകൊണ്ടാണ് നിയമ നടപടിയെടുക്കാത്തത്? സോണിയ ഗാന്ധിയുടെ പേര് പറയുന്നത് ശിവൻകുട്ടിക്ക് പേരെടുക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കാനാണ് ശ്രമമെന്നും നല്ല സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ചർച്ചകൾ നടത്തുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ബജറ്റിൽ സ്വപ്നവുമില്ല, പ്രായോഗികതയുമില്ലെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനു വേണ്ടിയിട്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങളടങ്ങിയ യാഥാർഥ്യബോധമില്ലാത്ത ബജറ്റാണിത്.
കഴിഞ്ഞ സാന്പത്തിക വർഷം 50 ശതമാനം പോലും പദ്ധതി ചെലവ് ഉണ്ടായിട്ടില്ല. എന്നിട്ടാണ് ഇപ്പോൾ ഈ വന്പൻ പ്രഖ്യാപനങ്ങൾ നടത്തുന്നത്.
ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയിട്ടുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ഈ ബജറ്റിൽ കാണാൻ കഴിയുന്നതെന്നു വ്യക്തമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായതോടെ കേരള സര്‍ക്കാരിന്റെ അധീനതയിലുള്ള വിവിധ കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും മറ്റ് സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പിന്‍വാതില്‍ വഴി നിയമനം നേടിയവരെ സ്ഥിരപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
സംസ്ഥാന വൈദ്യുത മന്ത്രാലത്തിനു കീഴിലുള്ള അനര്‍ട്ടില്‍ മുഴുവന്‍ താത്കാലിക ജീവനക്കാരെയും പദ്ധതി അവസാനിക്കുന്നതുവരെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുന്‍ സിഎഒ നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് ഒടുവിലത്തെ സംഭവം.
അഴിമതിയില്‍ ആരോപണവിധേയനായി സ്ഥാനത്തുനിന്നു നീക്കംചെയ്യപ്പെട്ട മുന്‍ സിഇഒയുടെ ശിപാര്‍ശയാണ് സര്‍ക്കാര്‍ അതീവ ഗൗരവമായി പരിഗണിച്ചത്.
നിയമനങ്ങളില്‍ സ്റ്റാറ്റസ് കോ നിലനിര്‍ത്തണമെന്ന 2021ലെ ഹൈക്കോടതി വിധിപോലും കാറ്റില്‍ പറത്തിയാണ് അവിടെ കാര്യങ്ങള്‍ നടന്നത്. നിലവിലെ കരാര്‍ ജീവനക്കാരെ വന്‍ ശമ്പളവര്‍ധനയില്‍ കരാര്‍ പുതുക്കി നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളും എംപ്ലോയ്മെന്റ് ഡയറക്ടറുടെ കത്തുകളും അവഗണിച്ചിരിക്കുകയാണ്.
സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് വഴി പുതുതായി വീണ്ടും കരാര്‍ ജീവനക്കാരെ എടുക്കാന്‍ അനര്‍ട്ട് പത്രപരസ്യവും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തിനിടെ രണ്ടു ലക്ഷത്തിലേറെ പിന്‍വാതില്‍ നിയമനങ്ങളാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്.
നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വീസ് നടത്തിയ പരിശോധനയിലാണ് ചട്ടലംഘനം തെളിഞ്ഞത്. കേരളത്തില്‍ വര്‍ഷം 33,000 ഒഴിവുകളാണ് താത്കാലികാടിസ്ഥാനത്തില്‍ വരുന്നത്. എന്നാല്‍, കണക്കു പ്രകാരം ഇതില്‍ മൂന്നിലൊന്നില്‍ മാത്രമേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടക്കുന്നുള്ളൂ. ബാക്കി ശരാശരി 22,000 ഒഴിവുകള്‍ എല്ലാ വര്‍ഷവും സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കുമായി വീതം, വച്ചു കൊടുക്കുകയായിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കോഴിക്കോട്: ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും കെ റെയിലിന് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഊരി മാറ്റി ജനങ്ങളെ രക്ഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതിവേഗ റെയിൽപാതക്കെതിരെയും കെ റെയിലിനെ പരിഹസിച്ചും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നാട്ടിൽ മുഴുവൻ മഞ്ഞക്കുറ്റികൾ ഇട്ടിരിക്കുകയാണ്. ജനങ്ങൾക്ക് ഭൂമി വിൽക്കാൻ പറ്റുന്നില്ല, അവിടെ ക്രയവിക്രയങ്ങൾ പറ്റുന്നില്ല. ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും മഞ്ഞക്കുറ്റി ഊരി ജനങ്ങളെ രക്ഷിക്കണം. ഏതായാലും ഈ സർക്കാറിന്റെ കാലത്ത് ഒരു റെയിലും വരാൻ പോകുന്നില്ല. തെരഞ്ഞെടുപ്പാകുമ്പോൾ ഇങ്ങനെയുള്ള പല അഭ്യാസങ്ങളും കാണേണ്ടിവരും. ഇതൊന്നും നടക്കാൻ പോകുന്നില്ല.’ -ചെന്നിത്തല പറഞ്ഞു.
National
ന്യൂഡല്‍ഹി: ശശി തരൂര്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന നിർണായക യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കേണ്ടതിനാലാണ് തരൂര്‍ യോഗത്തിന് എത്താത്തതെന്ന് ചെന്നിത്തല പറഞ്ഞു. ഈ പരിപാടി മാസങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. തരൂര്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും, അദ്ദേഹത്തിന് മറ്റ് തിരക്കുകളും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളും ഉണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് ഡല്‍ഹിയിലെ തന്ത്രപ്രധാനമായ യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത്.
തരൂരിന്റെ അസാന്നിധ്യത്തില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് പറഞ്ഞ ചെന്നിത്തല, അദ്ദേഹം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി തുടരുമെന്നും ഓര്‍മ്മിപ്പിച്ചു. വയനാട്ടിലും കൊച്ചിയിലും നടന്ന പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുത്ത കാര്യവും ചെന്നിത്തല ചൂണ്ടിക്കാട്ടി.
തരൂരിനെപ്പോലെയുള്ള ഒരു ആഗോള പൗരന് അദ്ദേഹത്തിന്റേതായ മറ്റ് തിരക്കുകള്‍ ഉണ്ടാവുക സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നത്.
Kerala
ന്യൂഡൽഹി: ഒഡീഷയില്‍ ക്രൈസ്തവ വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാറിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ക്രൈസ്തവര്‍ക്ക് കേക്ക് നല്കി പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ അവരെ ചാണകം തീറ്റിക്കുന്ന പ്രാകൃതത്വമാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ഒഡീഷയില്‍ കണ്ടതെന്ന് ചെന്നിത്തല പറഞ്ഞു. ഒരു ക്രൈസ്തവ വൈദികനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ക്രിസ്മസ് കാലത്ത് പള്ളികള്‍ സന്ദര്‍ശിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രിക്ക്, ക്രൈസ്തവര്‍ ആക്രമിക്കപ്പെടുമ്പോള്‍ അത് തടയാന്‍ ആത്മാര്‍ത്ഥതയില്ല. കേരളത്തിലെ ബിജെപി നേതാക്കളുടെ സന്ദര്‍ശനം ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2014-ന് ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണങ്ങള്‍ വര്‍ധിച്ചു. മതനിരപേക്ഷത തകര്‍ത്ത് ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇതിനെ എന്തുവില കൊടുത്തും ചെറുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അക്രമികളെ നിലയ്ക്ക് നിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പാസ്റ്റര്‍ക്ക് നേരെ നടത്തിയ അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ഈ വിഷയം ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ജനങ്ങളെ കബളിപ്പിക്കുന്ന നയപ്രഖ്യാപനമാണു ഗവർണർ നടത്തിയതെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ പരാജയം തുറന്നു പ്രഖ്യാപിക്കുകയായിരുന്നു ഈ നയ പ്രഖ്യാപനത്തിലൂടെ.
സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് അമ്പേ തകർന്നു. എല്ലാ മേഖലകളിലും സർക്കാർ പരിപൂർണ പരാജയമാണെന്നതിന്റെ പ്രത്യക്ഷമായ തെളിവ് ആണ് ഈ നയപ്രഖ്യാപനം.
ജനങ്ങളെ അഭിമുഖീ കരിക്കാൻ സർക്കാരിനു ധൈര്യം ഇല്ല. അതുകൊണ്ടാണ് നിരന്തരം വർഗീയത മാത്രം പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
കൊച്ചി: കേരളത്തിൽ സിപിഎം-ബിജെപി അന്തർധാര സജീവമാണെന്ന് രമേശ് ചെന്നിത്തല. കെപിസിസി സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും തിരുത്തലുകൾ ഉണ്ടാകേണ്ടതുണ്ട്. ജനാധിപത്യവിരുദ്ധ സർക്കാരിനെതിരായ പോരാട്ടം തുടരണം. കേരളത്തിൽ യുഡിഎഫിന്റെ സർക്കാർ ഉണ്ടാകും.
കേരളത്തിലെ എൽഡിഎഫ് - ബിജെപി അന്തർധാരയെ പരാജയപ്പെടുത്തുകതന്നെ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കൊച്ചി: എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യത്തെ എന്തിന് എതിര്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാ സമുദായങ്ങളും ഒന്നിച്ചുപോകണമെന്നതാണ് തന്റെ അഭിപ്രായം. പ്രതിപക്ഷനേതാവിനെ സമുദായ നേതാക്കൾ എന്തിന് എതിക്കുന്നുവെന്ന് അവരോട് ചോദിക്കണം.
യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുകയെന്നാണ് ഇപ്പോൾ മുന്നിലുള്ളത്. എന്നും മതേതര നിലപാടുകളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. വര്‍ഗീയ ധ്രുവീകരണമാണ് സിപിഎം നടത്തുന്നത്. മുഖ്യമന്ത്രി തന്നെ വർഗീയത ആളിക്കത്തിക്കുകയാണ്.
മാറാട് കലാപം വീണ്ടും ഓർമ്മിപ്പിക്കുന്നു. അതിൽ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടർന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. മുഖ്യമന്ത്രിയുടെയും മന്ത്രി സജി ചെറിയാന്റെയും പ്രസ്താവനകള്‍ പുരോഗമന കേരളത്തിന് ഗുണകരമാണോയെന്ന് എല്ലാവരും ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയവർക്കെല്ലാം പരവതാനി വിരിച്ചു സ്വീകരണം കൊടുത്ത് വലിയ പദവികൾ നൽകിയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
അതേസമയം കോൺഗ്രസിലേക്ക് ആരെങ്കിലും വന്നാൽ അവരെ വർഗവഞ്ചകർ എന്നുവിളിച്ചാക്ഷേപിക്കും. ഇത് ഇരട്ടത്താപ്പാണ്. ഈ ഇരട്ടത്താപ്പ് കേരളത്തിൽ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ആരെയും പ്രലോഭിപ്പിച്ച് കൊണ്ടുവരുന്നതല്ല. സിപിഎം നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ മനം മടുത്ത് ആളുകൾ രാജിവച്ചു പുറത്ത് വരുന്നതാണ്. സിപിഎമ്മിൽ കമ്യൂണിസമില്ലാത്ത് കൊണ്ട് അവർ പുറത്തുവരുന്നതാണ്.
കമ്യൂണിസ്റ്റുകാർക്ക് സിപിഎമ്മിൽ തുടരാൻ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു. അതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം. ജനങ്ങൾ വസ്തുതകൾ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കൾ ഓർക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകളിൽ നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു മുന്നണിയിലുള്ള കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ലെന്ന് ചെന്നിത്തല പറഞ്ഞു.
ജോസ് കെ. മാണി വിഭാഗം എൽഡിഎഫിൽ തുടരുമെന്നാണ് പറയുന്നത്. അവർ മുന്നണി വിടാൻ താത്പര്യം പ്രകടിപ്പിച്ചാൽ മാത്രമേ യുഡിഎഫിൽ ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ. ഇടതുമുന്നണിയുടെ ഭാഗമായി നിൽക്കുന്ന ഒരു കക്ഷിയെ പിടിച്ചുകൊണ്ടുവരുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നത് പാർട്ടികളെ ചാക്കിട്ട് പിടിക്കാനല്ല. മറിച്ച് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ആർജിക്കാനാണെന്നും ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റിയെ അദ്ദേഹം സ്വാഗതം ചെയ്തു.
അധികാരമോഹം കൊണ്ടല്ല, പാർട്ടിയിലെ അവഗണനയും പ്രശ്നങ്ങളും കാരണമാണ് അവർ കോൺഗ്രസിൽ ചേർന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാര്‍ കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന സര്‍ക്കാരാണ് പിണറായിയുടേതെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു.
കേന്ദ്ര അവഗണനക്കെതിരെയെന്ന പേരിൽ പിണറായി വിജയൻ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹം വെറും കാപട്യവും കോമഡിയുമാണെന്നും രമേശ് ചെന്നിത്തല പരിഹാസമുയർത്തി.
കഴിഞ്ഞ 10 വർഷമായി കേന്ദ്ര അവഗണനക്കെതിരെ ചെറുവിരല്‍ അനക്കാത്തയാളാണ് മുഖ്യമന്ത്രി. സംസ്ഥാനത്തിന് അവകാശപ്പെട്ടതൊന്നും കേന്ദ്രത്തിൽ നിന്നും പിടിച്ചുവാങ്ങാൻ പിണറായി സർക്കാരിനായിട്ടില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
തരം കിട്ടുമ്പോഴൊക്കെ ഡൽഹിയിലെത്തി മോദിയെയും അമിത്ഷായെയും പ്രസാദിപ്പിക്കുകയും ചെയ്യും. എന്നിട്ടിപ്പോൾ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സത്യാഗ്രഹ സമരമെന്ന കോമഡിയുമായി ഇറങ്ങിയിരിക്കുകയാണെന്നും അദേഹം പറഞ്ഞു.
വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കുന്ന പിഎംശ്രീ പദ്ധതിയിലടക്കം ആരും അറിയാതെ ഡൽഹിയിൽ പോയി പഞ്ചപുഛമടക്കി ഒപ്പുവച്ചു പോന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായപ്പോഴാണ് ജനങ്ങളെ പറ്റിക്കാന്‍ കേന്ദ്ര വിരുദ്ധ സമരം എന്ന കോമഡിയുമായി മുഖ്യമന്ത്രി രംഗത്തിറങ്ങിയത്.
പിണറായിയും മോദിയും തമ്മിലുള്ള അന്തര്‍ധാര ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഇളിഭ്യതയാണ് ഈ കേന്ദ്ര വിരുദ്ധ സമരത്തിനു പിന്നിൽ. അല്ലാതെ കേരളത്തോടുള്ള സ്നേഹമല്ലെന്നും ഇതൊന്നും തെരഞ്ഞെടുപ്പിൽ വിലപ്പോകില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: ദോഷമകറ്റാനും കാര്യസിദ്ധിക്കും വഴിപാടുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം ആലത്തിയൂർ ഹനുമാൻകാവിലാണ് ചെന്നിത്തല ഗദ സമർപ്പണ വഴിപാട് നടത്തിയത്.
ശനിയാഴ്ച രാവിലെ ആറരയോടെയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രമേശ് ചെന്നിത്തല ഹനുമാൻകാവ് ക്ഷേത്രത്തിലെത്തിയത്. ഇവിടുത്തെ പ്രധാന വഴിപാടാണ് ഗദസമര്‍പ്പണം.
ഹനുമാന്റെ പ്രധാന ആയുധമായ ഗദ സമർപ്പിക്കുന്നതിലൂടെ കഠിനമായ തടസങ്ങൾ നീങ്ങുമെന്നും ദോഷങ്ങൾ മാറുമെന്നുമാണ് വിശ്വാസം. അവിൽ നിവേദ്യം, നെയ് വിളക്ക് വഴിപാടുകളും ചെന്നിത്തല നടത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ മുതൽ കട്ടവരാരും രക്ഷപെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിമാരടക്കമുള്ളവർ കൊള്ളയിൽ ഉണ്ടെന്നാണ് തങ്ങൾക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ നേതാക്കൾക്കെതിരെ ഇതുവരെയും സിപിഎം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അവരെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങളാണ് നോക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
തന്ത്രിയെ അറസ്റ്റ് ചെയ്തു എന്നത് ഒരു വസ്തുതയാണ്. അത് നിയമപരമായ കാര്യങ്ങളാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ആരും നിയമത്തിനതീതരല്ല. എസ്ഐടി അന്വേഷണം മുന്നോട്ട് നീങ്ങട്ടെയെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതയെ മുഖ്യമന്ത്രി മാറിമാറി താലോലിക്കുന്നുവെന്നും വർഗീയതയിൽ ഒന്നാം സ്ഥാനത്ത് എത്തണമെന്ന് വാശിയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മാറാട് കലാപത്തിന്റെ മുറിവിൽ വീണ്ടും വീണ്ടും മുളക് തേക്കുന്ന ജോലിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
2016 മുതൽ കേരളത്തിൽ ബിജെപിക്ക് കളം പിടിക്കാൻ അവസരം കൊടുത്ത മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത് ഇടതു മുന്നണിയുടെ സഹായത്തോടെയായിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിക്കാനുള്ള സാഹചര്യം ഒരുക്കിയത് സിപിഎമ്മാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ബിജെപിയുടെ അജണ്ടക്കനുസരിച്ച് കേരളത്തെ രൂപപ്പെടുത്തുന്ന ചുമതലയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. വർഗീയ വിഭജനം കൊണ്ട് മാത്രമേ 2026 ൽ കേരളത്തിൽ പിടിച്ചുനിൽക്കാൻ കഴിയുവെന്ന് മുഖ്യമന്ത്രി ചിന്തിക്കുന്നു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സംസാരിച്ചത് സിഎഎയെ കുറിച്ചായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം മുഖ്യമന്ത്രി ലൈൻ മാറ്റി. കോൺഗ്രസിനെ പരാജയപ്പെടുത്താൻ എല്ലാ കാലത്തും സിപിഎം, ബിജെപിയുടെ പിന്തുണ തേടിയിട്ടുണ്ട്. കൂത്തുപറമ്പിൽ 1976ൽ പിണറായി വിജയൻ ബിജെപിയുടെ പിന്തുണ തേടി.
ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രമാണ് ഇവിടെ മുഖ്യമന്ത്രി നടത്താൻ ശ്രമിക്കുന്നത്. മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോദി തന്ത്രം ഇവിടെ പകർത്തുന്നു. മോദിയും പിണറായിയും തമ്മിൽ ഇക്കാര്യത്തിൽ മത്സരമാണ്. മുഖ്യമന്ത്രിക്ക് പറയാൻ കഴിയാത്തത് ബിജെപി പറയും.
ഉമ്മൻചാണ്ടി അഞ്ചുവർഷം ഭരിച്ചപ്പോൾ ഒരു വർഗീയ സംഘർഷവും ഉണ്ടായിട്ടില്ല. ജമാഅത്ത ഇസ്ലാമിയുമായി ബന്ധപ്പെട്ട എ.കെ. ബാലന്റെ വിവാദ പരാമശത്തിൽ ജനം ആര് പറയുന്നത് വിശ്വസിക്കണം?.
വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും രണ്ട് നിലപാടാണ്. സിപിഎം നിലപാട് അഖിലേന്ത്യ സെക്രട്ടറി വിശദീകരിക്കേണ്ട സാഹചര്യങ്ങളാണ് കേരളത്തിലെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജീവ് വസ്തുതകൾ മനസിലാക്കി പ്രതികരിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.
സ്വർണക്കൊള്ള കേസിൽ ഡി. മണിക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അറിവിൽ ഹൈക്കോടതിയോ എസ്ഐടിയോ അത്തരത്തിലൊരു വിവരം പുറത്തുവിട്ടിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നത് കേസിലെ യഥാർഥ പ്രതികളാണ്. മാർക്സിസ്റ്റ് പാർട്ടിക്കാരാണ് കേസിലെ യഥാർഥ പ്രതികൾ. മൂന്ന് നേതാക്കൻമാർ ജയിലിലാണ്. ശ്രദ്ധ തിരിച്ചുവിടാനാണ് സിപിഎം ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
രാജീവ് ഒരു മന്ത്രിയാണെന്നും രമേശ് ചെന്നിത്തല ഓർമിപ്പിച്ചു. പ്രത്യേക അന്വേഷണസംഘം പറയുന്നത് തങ്ങൾ ഒരു വാർത്തയും പുറത്തുകൊടുത്തില്ലെന്നാണ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് എങ്ങനെ പുറത്തുവന്നുവെന്നും ചെന്നിത്തല ചോദിച്ചു.
അത് സത്യമാണോയെന്ന് ചോദിച്ച ചെന്നിത്തല തന്റെ റോൾ എസ്ഐടിക്ക് മൊഴി നൽകിയതോടെ അവസാനിച്ചെന്നും അറിയിച്ചു. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ ലഭിച്ച വിവരങ്ങൾ അന്വേഷണസംഘത്തിന് കൈമാറുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്നുള്ള കാര്യങ്ങളിൽ തനിക്ക് ഒരു പങ്കുമില്ല. തനിക്ക് അതിൽ പങ്കാളിയാകേണ്ട കാര്യവുമില്ല. വിഷയത്തിൽ രാജീവ് കഥയറിയാതെ ആട്ടം കാണരുതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ഇടത് സഹയാത്രികൻ റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം-ബിജെപി ധാരണയുടെ ഉദാഹരണമാണ് റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനമെന്ന് ചെന്നിത്തല പറഞ്ഞു.
ഇന്നലെയും പിണറായി വിജയനെ ന്യായീകരിച്ചയാൾ ബിജെപിയിൽ ചേർന്നിരിക്കുകയാണെന്നും യുഡിഎഫ് 100 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രി പി.രാജീവിന്റെ ആരോപണങ്ങൾക്കും ചെന്നിത്തല മറുപടി പറഞ്ഞു.
പി. രാജീവ് കഥയറിയാതെ ആട്ടം കാണുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. തനിക്ക് ലഭിച്ച വിവരം എസ്ഐടിക്ക് കൈമാറുക മാത്രമാണ് ചെയ്തത്. ഡി. മണിക്ക് എസ്ഐടി ക്ലീൻ ചിറ്റ് കൊടുത്തതായി അറിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷ നേതാവ് ആർച്ച് ബിഷപ്പിനെ കണ്ടതിൽ തെറ്റൊന്നുമില്ലെന്നും, കൂടിക്കാഴ്ചയ്ക്ക് രഹസ്യ സ്വഭാവമില്ലെന്നും കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രത്യേക അന്വേഷണ സംഘത്തിലെ ഇടത് അനുഭാവമുള്ള പോലീസ് ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുതുതായി സ്പെഷൽ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയ രണ്ട് സിഐമാരാണ് കേസ് മന്ദഗതിയിലാക്കുന്നതും അട്ടിമറിക്കുന്നതുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് മുന്നിൽ തെളിവ് കൊടുത്ത പ്രവാസി വ്യവസായി ചൂണ്ടിക്കാട്ടിയ തമിഴ്നാട് സ്വദേശി ഡി. മണി ഈ കേസിൽ കുറ്റക്കാരനല്ല എന്ന് അന്വേഷണസംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മണിക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കത്തക്ക തെളിവൊന്നും കിട്ടിയിട്ടില്ല എന്നാണ് അന്വേഷണസംഘം പറയുന്നത്. പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം പറയുന്നുണ്ടെങ്കിലും കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
Kerala
സുൽത്താൻ ബത്തേരി: സ്വർണപ്പാളി മോഷണത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമാണ് ഉത്തരവാദിത്വമെന്ന് രമേശ് ചെന്നിത്തല. സ്വർണപ്പാളി അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണപ്പാളി വിഷയത്തിൽ കെ.പി. ശങ്കരദാസിന്റെ ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത് നൂറുശതമാനം ശരിയാണ്. കോടാനുകോടി ഭക്തജനങ്ങളെ വിഷമിപ്പിച്ച സംഭവമാണിത്. ഓരോ ദിവസവും കൂടുതുൽ സ്വർണം പോയതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.
ഇക്കാര്യത്തിൽ കേരളം ഭരിക്കുന്ന സർക്കാരിനും മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമില്ലേ. ജയിലിൽ കിടക്കുന്നവരെല്ലാം സിപിഎം നേതാക്കളല്ലേ. പത്തു വർഷം കേരളം ഭരിച്ചു. മൂന്ന് തവണ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ നിയമിച്ചു. അവരാണ് ഇന്ന് ജയിലിൽ കിടക്കുന്നത്. അപ്പോൾ പാർട്ടിക്കും ഗവണ്മെന്റിനും ഈ കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്.
ഉത്തരവാദിത്വം ഒന്നും നിറവേറ്റാതെ മറ്റുള്ളവരെ ആക്ഷേപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പാർട്ടിയും സ്വീകരിക്കുന്നത്. ഇതൊക്കെ ജനങ്ങൾ തിരിച്ചറിയും.അടിച്ചുകൊണ്ടുപോയ സ്വർണം എവിടെ? തൊണ്ടിമുതൽ എവിടെ? ഒരു വിദേശ വ്യവസായി എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞു. അതിന്റെ അന്വേഷണം എവിടം വരെയായി.
അന്വേഷണം ത്വരിതപ്പെടുത്തണം. വൻ സ്രാവുകൾ രക്ഷപ്പെടാൻ സമ്മതിച്ചുകൂടാ. കുറ്റം ചെയ്തവരെ രക്ഷിക്കാൻ വേണ്ടിയിട്ടുള്ള കവചം തീർക്കുകയാണ് സർക്കാരിപ്പോൾ. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തിലേക്ക് രണ്ടുപേരെ കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സിപിമ്മിന്റെ പോലീസ് അസോസിയേഷനിലെ രണ്ടു ഭാരവാഹികളെ കൊടുത്തു.
മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ എസ്ഐടിയുടെ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. അങ്ങനെയൊന്നും സത്യം മൂടിവയ്ക്കാൻ കഴിയില്ല. കുറ്റക്കാരെ നിയമത്തിനുമുന്നിലെത്തിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് പരിഗണിക്കുന്നത് വിജയസാധ്യതയാണെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 53 ശതമാനം യുവാക്കളെയും സ്ത്രീകളെയും പാർട്ടി സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിച്ചിരുന്നുവെന്നും യുവാക്കളെ പരിഗണിക്കുന്നു എന്നതിനർഥം മുതിർന്ന ആളുകളെ മാറ്റി നിർത്തുന്നു എന്നല്ലെന്നും ചെന്നിത്തല പറഞ്ഞു.
വയനാട്ടിൽ നടക്കുന്ന നേതൃ ക്യാംപിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും. ലീഗ് അടക്കമുള്ള കക്ഷികളുമായി ക്യാംപിന് ശേഷം സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച സംഭവത്തിൽ തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി തിരുത്തണ്ടെന്നും ചെന്നിത്തല പറഞ്ഞു. സമൂഹത്തിൽ മതനിരപേക്ഷ നിലപാട് ആണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
"മുഖ്യമന്ത്രിയാണ് ഓരോ തെരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷവർഗീയതയുമാണ് നടപ്പാക്കുന്നത്. വർഗീയ വിദ്വേഷം പടർത്തുന്ന അന്തരീക്ഷം ഉണ്ടാക്കുകയാണ് ഇവർ.'-ചെന്നിത്തല വിമർശിച്ചു.
തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയ നിലപാട് ആണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാർ. അതുകൊണ്ടാണ് രണ്ട് തെരഞ്ഞെടുപ്പിലും എൽഡിഎഫ് തോറ്റതെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തൃശൂർ: ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശിനു ബന്ധമുണ്ടാകാൻ സാധ്യതയില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംപിയെന്ന നിലയിൽ ചില പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാകാം. മറ്റെന്തെങ്കിലും അറിവുണ്ടെന്നു കരുതുന്നില്ല.
അയ്യപ്പന്റെ മുതലു കട്ടവരാരും രക്ഷപ്പെടില്ല. കേസ് അന്താരാഷ്ട്ര മാനങ്ങളുള്ളതാണെന്നാണു വിവരം. അതുകൊണ്ടാണു കോടതിയുടെ നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
തെരഞ്ഞെടുപ്പു തോൽവിയുടെ കാരണമെന്തെന്നു സിപിഐക്കു മനസിലായിട്ടും സിപിഎം അംഗീകരിക്കില്ല. ശബരിമലയും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായില്ലെന്നാണു സിപിഎം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ഓലപ്പാന്പ് കാട്ടി മുഖ്യമന്ത്രി കോണ്‍ഗ്രസുകാരെ പേടിപ്പിക്കേണ്ടെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചതിന്റെ പേരിൽ കോണ്‍ഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യന്റെ പേരിൽ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തതുകൊണ്ട് കോണ്‍ഗ്രസുകാരൊക്കെ പേടിച്ചുപോകും, മുഖ്യമന്ത്രിക്കെതിരേ സംസാരിക്കില്ല എന്ന തെറ്റിദ്ധാരണയൊന്നും വേണ്ട.
മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പൊറ്റിയുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചതിന്റെ പേരിൽ സുബ്രഹ്മണ്യന്റെ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്തപ്പോൾ എന്തു കൊണ്ട് ഒരു മാസം മുന്‍പേ സമാനകാര്യം ചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരേ കേസ് എടുത്ത് അറസ്റ്റ് ചെയ്തില്ല എന്ന് രമേശ് ചോദിച്ചു.
Kerala
ആലപ്പുഴ: കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെതിരായ കേസ് രാഷ്ട്രീയ പക പോക്കലാണെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. കോൺഗ്രസ് ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരെ ആരും സംസാരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് മാത്രമേ മുഖ്യമന്ത്രിക്ക് ഓർമയുള്ളു. കടകംപള്ളിയെ കണ്ടത് ഓർമ ഇല്ലേ?എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കെസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും പോറ്റിയും തമ്മിലുള്ള ഫോട്ടോ വക്രീകരിച്ച് സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു.
Kerala
കണ്ണൂർ: ശബരിമല സ്വർണപ്പാളി കവർച്ചയുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സിപിഎമ്മിന്റെ ഒരു മുൻ എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് മുതൽ ദേവസ്വം ബോർഡ് പ്രസിഡന്റ് വരെയായ വ്യക്തിയും ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്പോൾ കോൺഗ്രസുകാർക്കാണ് കവർച്ചയുമായി ബന്ധമെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നത് പരിഹാസ്യമാണ്. ജനങ്ങൾ വിഡ്ഢികളാണെന്നു മുഖ്യമന്ത്രി ധരിക്കരുതെന്നും ചെന്നിത്തല കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേസ് അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് സർക്കാർ നടത്തുന്നത്. എസ്ഐടിയിൽ വിശ്വാസമില്ലാത്തത് കൊണ്ടല്ല. എസ്ഐടി അവരുടെ ജോലി ചെയ്യട്ടെ.
പക്ഷേ, ഇത് അന്താരാഷ്ട്ര മാനങ്ങൾ ഉള്ള ഒരു കേസ് ആയതുകൊണ്ട് എസ്ഐടിക്ക് അന്വേഷിക്കാൻ കഴിയാതെ വരുന്നുണ്ട്. അതിനാലാണ് കോടതിയുടെ നിയന്ത്രണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പറയുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ഇതിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിക്കണം. പത്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെയുള്ള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ മുതലുകൾ മോഷണം പോകുന്നുണ്ടോ എന്നതും അന്വേഷിക്കണം.
വാസു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന കാലത്താണ് ക്ഷേത്രങ്ങളിലെ പുരാവസ്തുക്കൾ മുഴുവൻ ലേലം ചെയ്യാൻ തീരുമാനിച്ചത്. വിളക്കുകൾ, വാർപ്പുകൾ, കിണ്ടികൾ, മൊന്ത, പുരാതനങ്ങളായിട്ടുള്ള ഈ വസ്തുക്കളൊക്കെ ലേലം ചെയ്യാൻ തീരുമാനിച്ചു. അന്ന് അതിനെ പ്രതിപക്ഷ നേതാവ് എന്നുള്ള നിലയിൽ സഭയ്ക്കകത്തും പുറത്തും എതിർത്തു. എതിർത്തില്ലായിരുന്നെങ്കിൽ ഇത് മുഴുവൻ അടിച്ചുകൊണ്ട് പോകുമായിരുന്നു.
വാസു പ്രസിഡന്റും കടകംപള്ളി ദേവസ്വം ബോർഡ് മന്ത്രിയുമായിരുന്ന കാലം മുതൽ ആരംഭിച്ച കൊള്ളയാണിത്. വൻ മാഫിയകൾ ഇതിനു പിന്നിലുണ്ട്. അവരെ സംരക്ഷിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണക്കേസ് അന്തര്‍ദേശീയ മാനങ്ങള്‍ ഉള്ള ഒരു കേസായി മാറിയ സ്ഥിതിക്ക് കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിക്കുന്നില്ല. പക്ഷേ അന്താരാഷ്ട്ര മാനങ്ങളുള്ള ഒരു കേസാകുമ്പോള്‍ എസ്ഐടിക്ക് മാത്രമായി അന്വേഷണം നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.
കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മുഴുവന്‍ വിറ്റ് കാശുണ്ടാക്കാന്‍ ശ്രമിച്ച ദേവസ്വം ബോര്‍ഡിന്റെ കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കാണാനില്ല എന്നുള്ള വാര്‍ത്ത ഇന്നലെ പുറത്തുവന്നു. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകണം.
സ്വര്‍ണ മോഷണത്തിനു പിന്നില്‍ വലിയൊരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ആ ഗൂഢസംഘത്തിന് കേരളത്തില്‍ ഇന്ന് അധികാരത്തിലിരിക്കുന്ന ഗവണ്മെന്റിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകളുമായി ബന്ധമുണ്ട്. വലിയ ആസൂത്രിതമായ ഒരു ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ട്. ഇതെല്ലാം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയ്ക്കു പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്തു സംഘമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 500 കോടിയിലധികം രൂപയുടെ കൊള്ളയാണു നടന്നത്.
ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തന്റെ കൈയിലുണ്ടെന്നും ഒരു വ്യവസായി പറഞ്ഞതിന്‍പ്രകാരം ഈ വിവരം ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ടെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. ഉന്നതതലത്തിലുളള ആളുകളുടെ പിന്തുണയില്ലാതെ ഈ സ്വര്‍ണം കടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഉന്നത രാഷ്ട്രീയനേതൃത്വത്തിലേക്ക് അന്വേഷണം എത്തണം.
യഥാര്‍ഥ കള്ളന്മാര് മറഞ്ഞുനില്‍ക്കുകയാണ്. ഇതിന്റെ പിന്നിലുള്ള പലരെയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. തൊണ്ടിമുതല്‍ പോലും കണ്ടെത്താന്‍ സര്‍ക്കാരിനു കഴിയുന്നില്ല. യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുംവരെ ഈ പോരാട്ടം തുടരുമെന്നും ചെന്നിത്തല പരഞ്ഞു.
Kerala
കൊച്ചി: എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സിഐയെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും പിണറായി ഭരണത്തിൽ എന്തും ചെയ്യാമെന്ന അഹന്തയാണ് പോലീസിനെ നയിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
ആഭ്യന്തരവകുപ്പില്‍ എന്ത് നടന്നാലും ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥയാണ്. കേരളത്തിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയൻ. പോലീസ് സ്റ്റേഷനിൽ നീതി തേടിയെടുത്തുന്ന സ്ത്രീകളെ ഇത്തരത്തിൽ മർദിക്കുന്ന സ്വഭാവം പ്രാകൃത സമൂഹങ്ങളിൽ പോലും കാണാനാകില്ല.
എന്തും ചെയ്യാമെന്ന അഹന്തയാണ് പിണറായി ഭരണത്തിൽ പോലീസിനുള്ളത്. സിപിഎം നേതാക്കൾക്കാണ് സ്റ്റേഷനുകളിലെ നിയമനാധികാരം. പോലീസിൽ ക്രിമിനലുകളെ കുത്തിനിറക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതമാണിതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഇതാണോ പിണറായി വിജയന് സര്‍ക്കാരിന്റെ സ്ത്രീസുരക്ഷയെന്നും ഇതാണോ നിങ്ങളുടെ ജനമൈത്രി പോലീസ് സ്റ്റേഷനെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Kerala
തിരുവനന്തപുരം: വിസി നിയമനത്തിൽ ഗവർണറുടെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചതോടെ കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും ഇരുകൂട്ടരും അംഗീകരിക്കുകയായിരുന്നു. സുപ്രീംകോടതി അന്തിമ തീരുമാനമെടുക്കാനിരിക്കേ യാണ് ഇരുവരും പേരുകൾ അംഗീകരിച്ചത്.
ഇനി കഴിഞ്ഞ മൂന്നു വർഷങ്ങളായി രണ്ടു ഗവർണർമാരുടെ കാലയളവിൽ നടന്ന ചക്കളത്തിപോരാട്ടത്തിന് സർക്കാരും ഗവർണറും മറുപടി പറയണം. ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
തെരഞ്ഞെടുപ്പിൽ ശബരിമല പ്രധാന ചർച്ചാവിഷയം തന്നെയായിരുന്നു. പിഎം ശ്രീ ഒപ്പിടൽ, ലേബർ കോഡ് ഒപ്പിടൽ ഇതൊക്കെ തെരഞ്ഞെടുപ്പിൽ ചർച്ചയായി.
നരേന്ദ്ര മോദിയെയോ അമിത് ഷായെയോ വിമർശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയും ചർച്ചയായി. ജനവിധിയെ അട്ടിമറിക്കാനുള്ള നടപടി ഉണ്ടാകില്ല. ബിജെപിയെ അകറ്റിനിർത്താൻ സിപിമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല.
ബിജെപി മുഖ്യ ശത്രു തന്നെയാണെന്നും എന്നാൽ ജനവിധി അട്ടിമറിക്കാൻ കോൺഗ്രസില്ലെന്നും അദേഹം പറഞ്ഞു. മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: എൽഡിഎഫിന്റെ ദുർഭരണത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് തദ്ദേശതെരഞ്ഞെടുപ്പിലെ വിജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച തെറ്റായ നിലപടാണ് യുഡിഎഫ് വിജയത്തിന്റെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ജനം നൽകിയ വമ്പിച്ച ഉത്തരവാദിത്വം വിനയത്തോടെ ഏറ്റെടുക്കുന്നുവെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കാനുള്ള കൂട്ടായ പ്രവർത്തനം യുഡിഎഫും കോൺഗ്രസും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല. ഇന്ന് വൈകുന്നേരം നാലിന് എസ്ഐടിയുടെ ഈഞ്ചക്കൽ ഓഫീസിൽ മൊഴി നൽകാൻ ഹാജരാകുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ഹരിപ്പാട് മണ്ഡലത്തിൽ വൈകുന്നേരത്തോടെ എത്താനുള്ളതിനാൽ മൊഴി നൽകാനുള്ള അസൗകര്യം ഉച്ചയോടെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് രമേശ് ചെന്നിത്തല ഹാജരാകാമെന്ന് അറിയിച്ചുവെങ്കിലും എസ്പി ശശിധരന് അസൗകര്യമായതിനാൽ അന്ന് നടന്നില്ല.
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മൊഴിയെടുക്കാതെ മാറുന്നത്. ശബരിമല സ്വർണകൊള്ളയിൽ 500 കോടിയുടെ തട്ടിപ്പാണ് ചെന്നിത്തല ആരോപിച്ചത്. ഞായറാഴ്ച മൊഴിയെടുക്കാമെന്ന് ചെന്നിത്തല പ്രത്യേക സംഘത്തെ അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: യഥാർഥ നശീകരണം നടത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയും എൽഡിഎഫുമാണെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല.
ജനങ്ങൾക്ക് ഒരു പ്രയോജനവും ചെയ്യാത്ത ഒരു ഗവണ്മെന്റാണിത്. അത് വ്യക്തമാകുന്നതിന്റെ പരിഭ്രാന്തിയാണ് മുഖ്യമന്ത്രിക്കുള്ളത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഏറ്റവും മാതൃകാപരമായ നടപടി സ്വീകരിച്ച പാർട്ടിയാണ് തങ്ങളുടേത്.
അതേസമയം ഒരു മുൻ സിപിഎം എംഎൽഎക്കെതിരേ പരാതി കിട്ടിയിട്ട് 14 ദിവസം ഈ മുഖ്യമന്ത്രി മുക്കിവച്ചു. എന്നിട്ടാണ് അദ്ദേഹം വർത്തമാനം പറയുന്നത്.
ശബരിമല അടക്കം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തയാറല്ല. യാതൊരു വികസനവും കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളെ സ്ത്രീലമ്പന്മാരെന്ന് പറഞ്ഞ് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആദ്യം സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ നിലയ്ക്ക് നിർത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പു പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. സ്ത്രീലമ്പടന്മാർക്ക് ഉന്നത പദവി നൽകുന്നതാണ് സിപിഎമ്മിന്റെ ശീലമെന്നും ചെന്നിത്തല പറഞ്ഞു.
"രാഹുലിനെതിരെ രണ്ടാം പരാതി രാഷ്ട്രീയപ്രേരിതമാണോയെന്ന് എന്നു കോടതി പരിശോധിക്കട്ടെ. സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. ഞങ്ങളുടെ പാർട്ടിയിൽ ഇല്ലാത്ത ആളിനെ കുറിച്ച് ഇനിയും എന്താണ് പറയണ്ടേത്? ഇനിയും പരാതി വരാനുണ്ടെന്നു മുഖ്യമന്ത്രി പറയുന്നത് സ്വന്തം പാർട്ടിക്കാരെ കുറിച്ചാണോ? ഞങ്ങളെ കൊണ്ട് ഒന്നും പറയിക്കരുത്.'-ചെന്നിത്തല പറഞ്ഞു.
പാർട്ടി സെക്രട്ടറിയായപ്പോൾ പിണറായി ചെയ്തതടക്കം എന്താണെന്ന് അറിയാം. കെ റെയിൽ നടക്കില്ലെന്നു മുഖ്യമന്ത്രിക്ക് സ്വയം ബോധ്യപ്പെട്ടു. ആ മഞ്ഞക്കുറ്റി ഇനിയെങ്കിലും പിഴുതുകളയണം. സ്വന്തം പാർട്ടിക്കാരാണെങ്കിൽ പരാതി അലമാരയിൽ വെച്ച് പൂട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ശീലമെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി കോൺഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാർ എന്ന് വിളിച്ചത്. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര് എന്താണ് കാട്ടിക്കൂട്ടുന്നതെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ വെൽ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ ജനം തള്ളികളയുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി ഇന്ന് എസ്ഐടി രേഖപ്പെടുത്തില്ല. ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മൊഴി എടുക്കുന്നത് മാറ്റിയത്. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം രമേശ് ചെന്നിത്തലയെ അറിയിച്ചു.
അറിയാവുന്ന കാര്യങ്ങളെല്ലാം പറയുമെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. തനിക്ക് വിവരം നൽകിയ ആളെയും ചോദ്യം ചെയ്യട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. രാവിലെ 11ന് മൊഴി കൊടുക്കുമെന്നും ചെന്നിത്തല അറിയിച്ചിരുന്നു.
കോടതിയിൽ രഹസ്യ മൊഴി നൽകാനും ഈ വ്യവസായി തയ്യാറാണ്. മുമ്പ് മറ്റു ചില വിഷയങ്ങളിൽ വ്യവസായി നൽകിയ വിവരങ്ങൾ സത്യമായിരുന്നു. സ്വർണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ പുരാവസ്തുവായി വിറ്റു എന്നാണ് വ്യവസായി തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ് നടക്കുക്കാനിരുന്നത്.
വിഷയവുമായി ബന്ധപ്പെട്ട മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്.
ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക എന്നും ചെന്നിത്തല അറിയിച്ചിരുന്നു. കേസിൽ നിലവിൽ അന്വേഷണം മന്ദഗതിയിൽ ആണെന്ന് യുഡിഎഫ് ആക്ഷേപം ഉന്നയിക്കുമ്പോഴാണ് രമേശ് ചെന്നിത്തല മൊഴി നൽകാൻ തയാറായത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകും. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയാറാണെന്ന് ചെന്നിത്തല എസ്ഐടിയെ അറിയിക്കുകയായിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് മൊഴിയെടുപ്പ്. ഈഞ്ചക്കലിലെ ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക.
നിലവിലെ അന്വേഷണം മന്ദഗതിയിലാണെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ചെന്നിത്തല കൈമാറുമോ എന്നതിലും വ്യക്തതയില്ല.
Kerala
ആലപ്പുഴ: അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
സർക്കാർ വിരുദ്ധ വികാരം ശക്തമാണ്. കോടിക്കണക്കിനു ആളുകളുടെ വികാരം വ്രണപ്പെടുത്തി. അന്തർ ദേശീയ സംഘങ്ങൾക്കുള്ള ബന്ധം അന്വേഷിക്കണം. എസ്ഐടിയ്ക്ക് അടുത്ത ദിവസം മൊഴി നൽകും.
മന്ത്രിമാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മന്ത്രി അറിയാതെ ഒരു കൊള്ളയും നടക്കില്ല. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രതിഫലിക്കും. നാളെ എസ്ഐടിക്ക് മുൻപിൽ ഹാജരാകും. നിർണായകമായകാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം.
മൊഴിയെടുക്കാൻ സൗകര്യമുള്ള ദിവസം അറിയിക്കണമെന്ന് എസ്ഐടി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. പത്താം തീയതി മൊഴി കൊടുക്കാമെന്ന് എസ്ഐടിയെ രമേശ് ചെന്നിത്തല അറിയിച്ചു.
പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയിൽ കാണാതെ പോയ സ്വർണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് അയച്ച കത്തിൽ പറയുന്നു.
പുരാവസ്തു കടത്തിലെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണ പരിധിക്കു പുറത്താണ്. അന്വേഷണം അവരിലേക്കും നീളണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്തു നൽകിയത്
ശബരിമല സ്വർണമോഷണം ഒരു സാധാരണ മോഷണമല്ല, മറിച്ച് അന്താരാഷ്ട്ര മാനങ്ങളുള്ള ഒന്നാണ്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവർ ഈ കേസിലെ സഹ പ്രതികൾ മാത്രമാണ്. ഇതിന്റെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയിൽ ആയിട്ടില്ലെന്ന് കത്തിൽ പറയുന്നു.
Kerala
തിരുവനന്തപുരം: പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല മോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രത്യേകാന്വേഷണ സംഘത്തിന് കത്തു നല്കി.
പ്രത്യേകാന്വേഷണ സഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് രമേശ് ചെന്നിത്തല കത്തു നല്‍കിയത്
പുരാവസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തയില്‍ കാണാതെ പോയ സ്വര്‍ണപ്പാളികളുടെ ഇടപാട് നടന്നത് 500 കോടിക്കെന്ന് അറിവ് കിട്ടിയതായി രമേശ് ചെന്നിത്തല കത്തിൽ പറയുന്നു.
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അന്താരാഷ്ട്ര മാഫിയയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രത്യേകാന്വേഷണ സംഘത്തോട് വെളിപ്പെടുത്താന്‍ തയാറാണെന്നും ചെന്നിത്തല അറിയിച്ചു.
പ്രത്യേകാന്വേഷണ സംഘം അന്വേഷണത്തിന് തയാറെങ്കില്‍ ഈ ഓപ്പറേഷനെ കുറിച്ച് നേരിട്ടറിവുള്ള വ്യക്തിയെ അന്വേഷവുമായി സഹകരിപ്പിക്കാം. സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും റാക്കറ്റുകള്‍ക്കും ഈ കടത്തുമായി ബന്ധമുണ്ട്.
ഈ പുരാവസ്തു കടത്തിലെ മുഖ്യസംഘാടകര്‍ ഇപ്പോഴും അന്വേഷണ പരിധിക്കു പുറത്താണ്. അന്വേഷണം അവരിലേക്കും നീളണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ഇന്ത്യയിൽ തന്നെ ഏറ്റവും നിലവാരം കുറഞ്ഞ ദേശീയപാത നിർമാണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിൽ നിർമിക്കുന്നത് ദേശീയപാതയല്ല അഴിമതി പാതയാണെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യത്തിന് മണ്ണ് പരിശോധന പോലും നടത്താതെ, മര്യാദയ്ക്ക് ഒരു ഡിപിആർ പോലും തയാറാക്കാതെയാണ് ഈ പ്രഹസനം കേരളത്തിൽ നടക്കുന്നത്. സമയത്തിന് പണി തീർക്കാതെ നിർമാണ കമ്പനികൾക്ക് സമയം നീട്ടി കൊടുക്കലും മുറയ്ക്ക് നടക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഈ പണിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ യാതൊരു ശ്രമവും സംസ്ഥാന സർക്കാർ നടത്തുന്നില്ല. പണ്ട് റീൽ ഇടാൻ വേണ്ടി മാത്രം ദേശീയപാതയിൽ പോയിക്കൊണ്ടിരുന്ന മന്ത്രി റിയാസിനെ ഇപ്പോൾ അതിനു പോലും കാണാനില്ല.
കേരളത്തിൽ ആർക്കും ഒന്നിനും ഉത്തരവാദിത്വമില്ലാത്ത അവസ്ഥയാണ്. ഭരണം അവസാനിക്കുന്നതിനു മുമ്പ് പരമാവധി മുക്കുക എന്നതും മാത്രമാണ് ഭരണാധിപരുടെ ലക്ഷ്യം. ദേശീയപാത നിർമാണത്തിൽ മിനിമം നിലവാരം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
കോട്ടയം: സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎൽഎ. സിപിഎം-ബിജെപി ബന്ധത്തിലെ ദല്ലാളാണ് ബ്രിട്ടാസ് എന്ന് അദ്ദേഹം ആരോപിച്ചു. കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് ലഭിക്കുന്നതിനായി സാധാരണ ഒരു എംപി ഇടപെട്ടപോലെയല്ല പിഎം ശ്രീ പദ്ധതിയിൽ ബ്രിട്ടാസ് ഇടപെട്ടത്. ഇക്കാര്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ പാലമായി ബ്രിട്ടാസ് പ്രവർത്തിച്ചുവെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. മന്ത്രിയുടെ വെളിപ്പെടുത്തലിന് പല മാനങ്ങളുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് 500 കോടിയുടെ കൊള്ളയാണ് നടന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് തന്നോട് ഒരു വ്യവസായി ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം തനിക്കറിയാവുന്ന കാര്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാൻ തയാറാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണം പുരാവസ്തു എന്ന പേരിൽ അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റതായി സംശയിക്കുന്നുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇത്തരം അമൂല്യവസ്തുക്കൾക്ക് വലിയ മൂല്യമാണ് ലഭിക്കുന്നത്. ദേവസ്വം മന്ത്രി വി.എൻ.വാസവൻ രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും വാസവനും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തട്ടിപ്പിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണ കൊള്ളയിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനും സർക്കാരിനുമുള്ളത്. സിപിഎമ്മിലെ രണ്ട് നേതാക്കൾ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഇവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎമ്മിന് ഭയമാണ്. നടപടിയെടുത്താൽ എ. പത്മകുമാർ പല സത്യങ്ങളും വിളിച്ചുപറയുമെന്ന പേടിയാണ് സിപിഎമ്മിനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തൃശൂർ: കിഫ്ബി-മസാല ബോണ്ട് വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സിപിഎം-ബിജെപി അന്തർധാരയുണ്ടെന്നു വ്യക്തമാണെന്ന് പ്രസ് ക്ലബ്ബിന്റെ ‘വോട്ട് വൈബ്’ പരിപാടിയിൽ ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിനെ സഹായിക്കുന്ന രീതിയാണ് ഇഡി സ്വീകരിക്കുന്നത്.
കിഫ്ബിയുടെ വ്യവസായ ഇടനാഴിയുടെ പേരിൽ നടത്തിയതു ഭൂമിക്കച്ചവടമാണ്. ഇക്കാര്യം റവന്യു വകുപ്പ് അറിഞ്ഞോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. ഇഡി നോട്ടീസ് പലപ്പോഴും ആവിയാകുകയാണ്. കൃത്യമായ അന്വേഷണം നടത്തിയാൽ അഴിമതി പുറത്തുകൊണ്ടുവരാനാകും. മസാല ബോണ്ടിനു നിശ്ചയിച്ച 9.72 ശതമാനം പലിശ വളരെ അധികമാണ്.
നിലവിൽ 6-8 ശതമാനം പലിശയ്ക്കു പണം ലഭ്യമാണെന്നിരിക്കേ കൂടിയ നിരക്ക് അഴിമതിയാണ്. മസാല ബോണ്ടിറക്കി നേടിയ 2150 കോടി രൂപയ്ക്കു കഴിഞ്ഞവർഷം തിരിച്ചടയ്ക്കേണ്ടിവന്നത് 1035 കോടി രൂപയാണ്. ലാവ്ലിൻ കന്പനിയിൽ 20 ശതമാനം ഓഹരിപങ്കാളിത്തമുള്ള സിഡിപിക്യു കന്പനിയിൽനിന്നാണ് വായ്പയെടുത്തത്. ഇവിടെ ലാവ്ലിൻ ബന്ധം മണക്കുന്നുണ്ട്.
കോടതിയുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ശബരിമല സ്വർണപ്പാളി വിവാദം മുന്‍പത്തെ സ്വർണക്കടത്തു വിവാദം പോലെ എവിടെയുമെത്തില്ലായിരുന്നു. എസ്ഐടി അന്വേഷണത്തിൽ തൃപ്തിയുണ്ട്. ഇനിയും മന്ത്രിമാരടക്കം ജയിലിൽ സാധ്യതയുണ്ട്. മന്ത്രിമാരുടെ അറിവോടെയാണു കൊള്ള നടന്നതെന്നാണു വിവരം.
എന്നിട്ടും അറസ്റ്റിലായവരെയൊന്നും സിപിഎം സസ്പെൻഡ് ചെയ്തിട്ടില്ല. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആക്ഷേപമുയർന്നപ്പോൾ ഉടനെ കോണ്‍ഗ്രസ് നടപടിയെടുത്തു. രാഹുൽ വിഷയത്തിൽ മാതൃകാപരമായ നടപടിയാണു കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ചെന്നിത്തല അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം: സിപിഎം-ബിജെപി അന്തർധാര മറച്ചുവയ്ക്കുന്നതിനുള്ള പൊറാട്ടു നാടകങ്ങൾ തെരഞ്ഞെടുപ്പു കാലത്തു പതിവായതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻധനമന്ത്രി തോമസ് ഐസക്കിനും എതിരായ ഇഡി അന്വേഷണ നോട്ടീസിനെ പ്രതിപക്ഷം കാര്യമായെടുക്കുന്നില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. എന്നാൽ, മസാല ബോണ്ട് ഇടപാടിന്റെ ഗുണഭോക്താക്കൾ ആരെന്ന് അറിയേണ്ടതുണ്ട്.
ബിജെപിയും സിപിഎമ്മും എതിരാളികളാണ് എന്നു വരുത്തിത്തീര്‍ക്കാനുള്ള സോഷ്യൽ എൻജിനിയറിംഗിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുക മാത്രമാണ് ഈ നോട്ടീസിന്റെ ഉദ്ദേശ്യം. മാത്രമല്ല, സ്വർണപ്പാളി കൊള്ള, സർക്കാരിന്റെ ദുർഭരണത്തിനെതിരേ ഉയർന്നിട്ടുള്ള ജനരോഷം എന്നിവയിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനുകൂടിയാണ് ബിജെപി സിപിഎം അച്ചുതണ്ടിന്റെ ഈ നീക്കം. ഇതു കേരളത്തിലെ വോട്ടർമാരെ കബളിപ്പിക്കാനുള്ള ഒത്തുകളി മാത്രമാണ്.
പക്ഷേ കേരളം കണ്ട ഏറ്റവും വലിയ കുപ്രസിദ്ധ സാന്പത്തിക ഇടപാട് എന്ന നിലയ്ക്ക് ഇതേക്കുറിച്ച് വീണ്ടും ചർച്ച ചെയ്യാൻ ഈ ഇഡി നോട്ടീസ് ഒരു അവസരമായിരിക്കുകയാണ്. ഇനിയും കെട്ടടങ്ങാത്തതാണു മസാല ബോണ്ട് ഇടപാടിന്മേലുള്ള വിവാദം. മസാലബോണ്ടിലൂടെ സംസ്ഥാനത്തിന് 1,045 കോടി രൂപ കൊള്ളപ്പലിശയിനത്തിൽ നഷ്ടപ്പെട്ടു.
ഇത്രയും കൂടിയ പലിശയ്ക്കു വിറ്റ മസാല ബോണ്ടിൽനിന്നുള്ള തുക അതിലും കുറഞ്ഞ പലിശയ്ക്കാണ് ഇവിടെ ബാങ്കുകളിൽ ഇട്ടിരുന്നത്. എന്തിനു വേണ്ടിയായിരുന്നു അതെന്നു വ്യക്തമാക്കേണ്ടതുണ്ടെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രമേശ് ചെന്നിത്തല. രാഹുലിനെതിരെ പാര്‍ട്ടി നേരത്തെ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന സിപിഎം നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഉന്നതരെ അറസ്റ്റ് ചെയ്യുന്നതുവരെ പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്ന് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: അയ്യപ്പനെ തൊട്ടവരാരും രക്ഷപ്പെടില്ലെന്ന് സിപിഎം ഓർക്കുന്നത് നന്നായിരിക്കുമെന്നു രമേശ് ചെന്നിത്തല.
ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിന്ന് സിപിഎമ്മിന് ഒരിക്കലും ഒഴിഞ്ഞുമാറാൻ കഴിയില്ല. കഴിഞ്ഞ പത്തു വർഷമായി ദേവസ്വം ബോർഡ് ഭരിക്കുന്നത് സിപിഎം പ്രതിനിധികളാണ്. ഈ കൊള്ളയുടെ ഉത്തരവാദിത്വത്തിൽ നിന്ന് പാർട്ടിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും രമേശ് ചെന്നി ത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ പ്രതികളായ രണ്ടു മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവൻ ക്രെഡിറ്റും ഹൈക്കോടതിക്കാണെന്ന് കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
കോടതിയുടെ മേൽനോട്ടമില്ലായിരുന്നെങ്കിൽ മൂന്നോ നാലോ ചെറുകിടക്കാരെ അറസ്റ്റ് ചെയ്ത് കേസ് അവസാനിച്ചേനെ. ഈ അന്വേഷണം ഇതുവരെ നിഷ്പക്ഷമായി നടക്കുന്നത് കോടതിയുടെ കൃത്യമായ ഇടപെടൽകൊണ്ടു മാത്രമാണ്. സിപിഎമ്മിന്റെ രണ്ടു പ്രധാനപ്പെട്ട നേതാക്കൾ ശബരിമലയിൽ നിന്നു സ്വർണം മോഷ്ടിച്ച കേസിൽ ജയിലിൽ പോയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് ദുരൂഹമാണ്.
ഇനി മന്ത്രിമാരുടെ ഊഴമാണ്. മുൻ ദേവസ്വം ബോർഡ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനിലേക്കാണ് കുരുക്ക് നീങ്ങുന്നത് എന്നാണ് മാധ്യമവാർത്തകൾ വന്നുകൊണ്ടിരിക്കുന്നത്. ഇനി മന്ത്രിമാർ ജയിലിൽ പോകുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം.
കേരളചരിത്രത്തിൽ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. സ്വർണം കാണുന്പോൾ ഈ സിപിഎം നേതാക്കന്മാരുടെ കണ്ണ് മഞ്ഞളിക്കുകയാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്വർണ കള്ളക്കടത്തായിരുന്നെങ്കിൽ രണ്ടാം പിണറായി ഗവണ്മെന്റിന്റെ കാലത്ത് ശബരിമലയിലെ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണം അടിച്ചുമാറ്റുകയാണ്. ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെ കൂടി ചോദ്യം ചെയ്യേണ്ടിയിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. യഥാർത്ഥ സൂത്രധാരന്മാർ മന്ത്രിമാരും സിപിഎമ്മിന്റെ ഉന്നത നേതാക്കളുമാണ്. അന്വേഷണം അവരിലേക്ക് വ്യാപിപ്പിക്കണം. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് അറസ്റ്റുകളെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മൂന്ന് ദേവസ്വം മന്ത്രിമാർക്ക് ഈ കൊള്ളയിൽ നേരിട്ട് പങ്കുണ്ട്. ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ട് പോയാൽ അവർ അഴിയെണ്ണേണ്ടി വരും. തങ്ങൾ ഇത് നേരത്തെ പറഞ്ഞപ്പോൾ സർക്കാർ നിഷേധിച്ചു. ഇപ്പോൾ സത്യം പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ കൊള്ളയിലെ കിംഗ്പിൻ എന്നത് മന്ത്രിമാർ തന്നെയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലുള്ളവരെ ഊട്ടി വളർത്തിയത് മന്ത്രിമാരാണ്. ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയ സംഭവം കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇടതുപക്ഷത്തിന് സ്വർണത്തോടുള്ള പ്രിയം സ്വർണക്കള്ളക്കടത്തിൽ നിന്ന് ഇപ്പോൾ ക്ഷേത്രസ്വർണം കൊള്ളയടിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു. തീർത്ഥാടകരുടെ ക്ഷേമത്തിലല്ല, മറിച്ച് അവിടുത്തെ സമ്പത്ത് എങ്ങനെ കൊള്ളയടിക്കാം എന്നതിലാണ് സർക്കാരിന് താല്പര്യമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: യാതൊരു ഏകോപനവും കൂടാതെ ഈ മണ്ഡലകാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്നു കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.
ഹൈക്കോടതിപോലും ഈ വിഷയത്തിൽ നിശിത വിമർശനമാണ് നടത്തിയത്. ആറുമാസം മുന്‍പ് എങ്കിലും ആരംഭിക്കേണ്ട മുന്നൊരുക്കങ്ങൾ ഒന്നും ഇവിടെ നടന്നിട്ടില്ല. എന്നിട്ട് ഒരാഴ്ച മുന്‍പ് മാത്രം പ്രഖ്യാപിച്ച തദ്ദേശസ്വയംഭരണ പെരുമാറ്റ ചട്ടത്തിന്റെ കാര്യമാണ് ഇവർ കാരണമായി പറയുന്നത്.
വേണ്ടത്ര പോലീസ് ഇല്ല. കേന്ദ്രസേന ഇല്ല. ഇതിനെല്ലാം ചുക്കാൻ പിടിക്കേണ്ട ഗവണ്മെന്റ് അനങ്ങുന്നില്ല. ദേവസ്വം മന്ത്രിയെ കാണാനില്ല.
ശബരിമലയെ തകർക്കുക, തീർഥാടനത്തെ അലങ്കോലപ്പെടുത്തുക എന്നുള്ളതാണ് ഈ സർക്കാരിന്റെ നയമെന്നാണു വ്യക്തമായിക്കൊണ്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
National
തിരുവനന്തപുരം: ബിഹാറിൽ തെരഞ്ഞെടുപ്പിൽ എൻഡിഎ അല്ല തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്നും എന്തു വേണം എല്ലാവരും ആലോചിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്നത് തന്നെ ബിഹാറിലും നടന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. എല്ലാ പാർട്ടികളും ആലോചിക്കണമെന്നും രമേശ് പറഞ്ഞു.
ജനങ്ങൾ കേരളത്തിൽ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നു. അതിനുള്ള നാന്ദി കുറിക്കലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ എല്ലാവരും ഒരുമിച്ച് നിൽക്കുന്നു. എൽഡിഎഫ് ഭരണം ജനങ്ങൾക്ക് മടുത്തുവെന്നും രമേശ് പറഞ്ഞു.
District News
മാന്നാർ: സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉന്നമനം ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ആർ.ശങ്കർ നവോഥാന ചരിത്രത്തിൽ വിസ്മരിക്കാനാവാത്ത വ്യക്തിത്വമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ. കേരള സംസ്ഥാന മുഖ്യമന്ത്രിയും എസ്എൻ ട്രസ്റ്റ് സ്ഥാപകനും യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറിന്റെ 53-ാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് എസ്എൻഡിപി യോഗം മാന്നാർ യൂണിയന്റെ നേതൃത്വത്തിൽ ഇരമത്തൂർ 1926-ാം നമ്പർ ആർ. ശങ്കർ മെമ്മോറിയൽ ശാഖാ ഹാളിൽ നടന്ന ആർ. ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയൻ ചെയർമാൻ കെ.എം. ഹരിലാൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് അനുസ്മരണ പ്രഭാഷണം നടത്തി.
District News
കൊല്ലം: തെരഞ്ഞടുപ്പ് അടുത്തപ്പോൾ ഇലക്ഷൻ സോപ്പുമായി രംഗത്തു വന്ന ഇടതു മുന്നണിയുടെ കപട മുഖം ജനങ്ങൾ തിരിച്ചറിയുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. സാമൂഹ്യ സുരക്ഷാ പെൻഷൻ ഉയർത്തുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നാലര വർഷം പൂഴ്ത്തിവച്ച ശേഷം നാനൂറ് രൂപ ഉയർത്തിയെന്നു പ്രഖ്യാപിച്ചതു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെ ഇടതുപക്ഷ അഴിമതി ഭരണത്തിനെതിരേ എൻ.കെ.പ്രേമചന്ദ്രൻ എംപി നയിച്ച ജനകീയ കുറ്റവിചാരണ യാത്രയുടെ സമാപന സമ്മേളനം കാവനാട് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
താൻ പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും തങ്ങളുടെ തലയിൽ വന്നു പെടില്ലെന്ന് പിണറായി വിജയന് ഉറപ്പുണ്ട്. പണ്ടും ഇടതു മുന്നണി ഇതാണു ചെയ്തിട്ടുള്ളത്. ക്ഷേമ പെൻഷനുകളോ ആനുകൂല്യങ്ങളോ ഉയർത്താതിരുന്നതും വഞ്ചനയാണ്. ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ വളരെ ക്രൂരമായ സമീപനമാണ് സര്‍ക്കാര്‍ എടുത്തത്. മുപ്പത് വർഷത്തെ ഇടതു ഭരണം വികസന മുരടിപ്പ് മാത്രം സമ്മാനിച്ച കൊല്ലത്ത് ഇക്കുറി യുഡിഎഫ് ചരിത്ര വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയർമാൻ അൽഫോൻസ് അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎൽഎ, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, വി.എസ്.ശിവകുമാർ, പി. രാജേന്ദ്ര പ്രസാദ്, കെ.സി. രാജൻ, നൗഷാദ് യൂനുസ്, കെ.എസ്. വേണുഗോപാൽ, അഡ്വ.ബിന്ദു കൃഷ്ണ, എ.കെ ഹഫീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ (91) അന്തരിച്ചു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ പരേതനായ വി. രാമകൃഷ്ണന് നായരുടെ (ചെന്നിത്തല മഹാത്മാ ഹൈസ്കൂള്‍ മുന്‍ മാനേജര്‍, അധ്യാപകന്) ഭാര്യയും മുന്‍ ചെന്നിത്തല പഞ്ചായത്തംഗവുമായിരുന്നു.
മറ്റു മക്കൾ: കെ.ആർ.രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജർ), കെ.ആർ.വിജയലക്ഷ്മി (റിട്ട. ഗവ. അധ്യാപിക), കെ.ആർ.പ്രസാദ് (റിട്ട. ഇന്ത്യൻ എയർ ഫോഴ്സ്).
മരുമക്കൾ: അനിതാ രമേശ് (റിട്ട. ഡവലപ്മെന്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, കോ- ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്), പരേതനായ സി.കെ. രാധാകൃഷ്ണൻ (റിട്ട. ഡിസ്ട്രിക്ട് യൂത്ത് കോ-ഓർഡിനേറ്റർ, നെഹ്റു കേന്ദ്ര), അമ്പിളി എസ്. പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ആകാശവാണി).
കൊച്ചുമക്കൾ: ഡോ രോഹിത് ചെന്നിത്തല (മൂകാംബിക മെഡിക്കൽ കോളജ്), രമിത് ചെന്നിത്തല ഐ ആർഎസ് (ഡെപ്യൂട്ടി ഡയറക്ടർ, ഇൻകം ടാക്സ്), രമ്യാ രാജ് (അധ്യാപിക), ഡോ. രേഷ്മാ രാജ്, ഡോ. വിഷ്ണു ആർ കൃഷ്ണൻ (പിആർഎസ് ആശുപത്രി തിരുവനന്തപുരം), ലക്ഷ്മി കൃഷ്ണ (യുഎസ്), പ്രണവ് പി. നായർ (സയന്റിസ്റ്റ് ബിഎആർസി, മുംബൈ), ആദിത്യ കൃഷ്ണ (യോഗാധ്യാപകൻ).